ഹൈദരാബാദ്: പുഷ്പ 2 ദി റൂള്‍ ആദ്യ പ്രദര്‍ശനത്തിലെ തിയേറ്റര്‍ സന്ദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുനെ റിമാന്റ് ചെയ്തു. പൊലീസ് അറസ്റ്റ് ചെയ്ത അല്ലു അര്‍ജുനെ തെലങ്കാന നമ്പള്ളി മജിസ്‌ട്രേട്ട് കോടതിയാണ് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്.
റിമാന്റിലായ അല്ലു അര്‍ജുനെ ജയിലിലേക്ക് അയക്കണോ എന്നത് തെലങ്കാന ഹൈക്കോടതിയാണ് തീരുമാനിക്കുക. തനിക്കെതിരായ എഫ് ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള അല്ലു അര്‍ജുന്റെ ഹര്‍ജി തെലങ്കാന ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ജസ്റ്റിസ് ജുവ്വടി ശ്രീദേവിയുടെ സിംഗിള്‍ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. അഡ്വ. നിരഞ്ജന്‍ റെഡ്ഡി, അശോക് റെഡ്ഡി എന്നിവരാണ് അല്ലു അര്‍ജുന് വേണ്ടി ഹാജരാകുന്നത്. അല്ലു അര്‍ജുന് ജാമ്യം നല്‍കരുത് എന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.
പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നേരത്തെ നല്‍കിയ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് അല്ലു അര്‍ജുന്റെ അഭിഭാഷകര്‍ തെലങ്കാന ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ ഉള്‍പ്പെടെ ചേര്‍ത്ത് പുതിയ ഹര്‍ജി നല്‍കുകയായിരുന്നു.




