കാബൂള്‍: അഭയാര്‍ഥി മന്ത്രാലയത്തില്‍ ചാവേര്‍ നടത്തിയ സ്ഫോടനത്തില്‍ താലിബാന്‍ മന്ത്രി ഖലീല്‍ ഹഖാനി കൊല്ലപ്പെട്ടു. അഭയാര്‍ഥികളുടെയും സ്വദേശിവത്ക്കരണത്തിന്റെയും ചുമതലയുള്ള മന്ത്രിയായിരുന്നു ഹഖാനി.
തന്റെ കടലാസുകള്‍ നോക്കി സഹായം തേടിയെത്തിയ അഭയാര്‍ഥി എന്ന രീതിയിലായിരുന്നു അക്രമി മന്ത്രാലയത്തിലെത്തിയതെന്നും ഉച്ചഭക്ഷണം കഴിഞ്ഞ് മന്ത്രാലയ വളപ്പിലേക്ക് വന്ന ഖലീല്‍ ഇടനാഴിയിലൂടെ പോകുമ്പോള്‍ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു. സ്ഫോടനത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടുവെന്ന കാര്യത്തില്‍ കണക്കുകള്‍ പുറത്തുവന്നിട്ടില്ല. സ്‌ഫോടനത്തിന് പിന്നില്‍ ഐ എസ് ഖൊറാസാന്‍ പ്രവിശ്യയാണെന്നാണ് സംശയിക്കുന്നത്.
ശക്തമായ ഹഖാനി ശൃംഖലയിലെ അംഗമായിരുന്നു ഖലീല്‍. ഹഖാനി നെറ്റ്വര്‍ക്ക് സ്ഥാപകന്‍ ജലാലുദ്ദീന്‍ ഹഖാനിയുടെ സഹോദരനും താലിബാന്‍ ആഭ്യന്തര മന്ത്രി സിറാജ് ഹഖാനിയുടെ അമ്മാവനുമാണ് അദ്ദേഹം.




