
മോസ്‌കോ: ഗൂഗിളിന് റഷ്യ പിഴ ചുമത്തി എന്നൊക്കെ കേട്ടാല്‍ ആര്‍ക്കും കാര്യമായൊന്നും തോന്നിയെന്നു വരില്ല. എന്നാല്‍ ചുമത്തിയ പിഴത്തുക കേട്ടാല്‍ സ്വന്തം കണ്ണു മാത്രമല്ല മറ്റു ചില കണ്ണുകള്‍ കൂടി വാടകയ്‌ക്കെടുത്ത് തള്ളിക്കും. അത്രയ്ക്കുണ്ട് ആ സംഖ്യ.
20 ഡെസില്യണ്‍ ഡോളറാണ് പിഴത്തുക. ഡെസില്യന്‍ എന്നൊക്കെ ആദ്യമായി കേള്‍ക്കുകയാണല്ലേ. 20ന് ശേഷം 33 പൂജ്യങ്ങള്‍ ചേര്‍ത്താലാണ് ഈ ഡെസില്യനെ കിട്ടുക. അത്രയും തുക ആരുടെയെങ്കിലും കൈവശമുണ്ടാകുമോ എന്ന് ആലോചിക്കേണ്ട. ആരുടെ കയ്യിലും അത്രയും തുകയില്ല.
2024 ഒക്ടോബറിലെ കണക്കു പ്രകാരം ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനികളിലൊന്നാണ് ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫാബൈറ്റ്. ഏകദേശം രണ്ട് ട്രില്യണ്‍ ഡോളറാണ് ഗൂഗിളിന്റെ ഇപ്പോഴത്തെ ആസ്തി.
ലോകത്തെ മൊത്തം കറന്‍സിയും സ്വത്തും ചേര്‍ത്താല്‍ പോലും റഷ്യക്ക് കൊടുക്കാനുള്ള പിഴത്തുക ഗൂഗ്‌ളിന് കണ്ടെത്താനാവില്ലത്രേ. പിന്നെന്തിന് പേടിക്കണം. ഗൂഗ്ള്‍ പിഴയൊടുക്കുകയുമില്ല, റഷ്യയ്ക്കത് കിട്ടുകയുമില്ല.
ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബ് ചാനലിനെതിരെയാണ് പിഴക്കലിപ്പുമായി റഷ്യ രംഗത്തെത്തിയത്. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിന് മറുപടിയായി റഷ്യന്‍ സര്‍ക്കാര്‍ നടത്തുന്ന മീഡിയ ചാനലുകളെ തടയാനുള്ള പ്ലാറ്റ്ഫോമിന്റെ തീരുമാനത്തിനെതിരെയാണ് പിഴ ചുമത്തിയത്.
ദേശീയ പ്രക്ഷേപണ നിയമങ്ങള്‍ ഗൂഗ്ള്‍ ലംഘിച്ചുവെന്ന റഷ്യന്‍ കോടതി വിധിയെ തുടര്‍ന്നാണ് പിഴ ചുമത്തിയത്. ഒമ്പത് മാസക്കാലയളവില്‍ ഈ ചാനലുകള്‍ യൂട്യൂബ് പുനസ്ഥാപിച്ചില്ലെങ്കില്‍ ദിവസവും ഈ തുക ഇരട്ടിയാവുമത്രേ.




