പ്രേമലുവാണ് ആദ്യം റിലീസ് ചെയ്ത് തിയേറ്ററുകളില്‍ ഹിറ്റായി കോടികള്‍ കൊയ്ത് പോയതെങ്കിലും ആദ്യം ചിത്രീകരിച്ച സിനിമ ഐ ആം കാതലനായിരുന്നു. പ്രേമലുവിലേതിനേക്കാള്‍ ക്യൂട്ടാണ് നെസ്‌ലിന്‍ ഐ ആം കാതലനില്‍.
പേര് കേള്‍ക്കുമ്പോള്‍ തമിഴ് ചിത്രമാണെന്ന് തോന്നുക. എന്നാല്‍ നെസ്ലിന്‍- ഗിരീഷ് എ ഡി കോംബോ എന്നു കാണുന്നതോടെ പ്രതീക്ഷയല്ല, അമിത പ്രതീക്ഷയോടെയായിരിക്കും പ്രേക്ഷകര്‍ തിയേറ്ററില്‍ കയറുക. അമിതമാകുന്ന പലതും ഭാരമാകുന്നതുപോലെ, പ്രമേയവും സാഹചര്യവുമൊന്നും ഉള്‍ക്കൊള്ളാതെ നെസ്ലിന്‍- ഗിരീഷ് എ ഡി പടം കണ്ട് അര്‍മാദിക്കാമെന്ന് കരുതിയാല്‍ അത്രയും ഈ സിനിമയില്‍ നിന്ന് കിട്ടണമെന്നില്ല. സംഗതിയൊരു ടെക് അടിസ്ഥാന സിനിമയാണ്. പതിനെട്ടിനും മുപ്പത്തിയഞ്ചിനും ഇടയിലുള്ളവര്‍ക്ക് ആസ്വദിച്ച് കാണാനാവും, ആ പ്രായത്തിലല്ലാത്തവരോട് സിനിമ പൂര്‍ണമായും സംവദിക്കണമെന്നില്ല. കലയും സാഹിത്യവുമെല്ലാം എല്ലാവരോടും കൃത്യമായും വ്യക്തമായും സംവദിക്കണമെന്ന നിയമമൊന്നും എവിടേയും ഇല്ലല്ലോ.
1993 ജൂലൈ അഞ്ചിന് അമേരിക്കന്‍ മാസികയായ ദി ന്യൂയോര്‍ക്കറില്‍ പ്രസിദ്ധീകരിച്ച പീറ്റര്‍ സ്റ്റെയ്‌നറുടെ കാര്‍ട്ടൂണിന് അടിക്കുറിപ്പായി വന്ന വാചകമാണ് ഈ സിനിമയുടെ ടാഗ് ലൈന്‍. On the Internet, nobody knows you’re a dog (ഇന്റര്‍നെറ്റില്‍, നിങ്ങള്‍ ഒരു നായയാണെന്ന് ആര്‍ക്കും അറിയില്ല) എന്നതാണ് ആ വാചകം. പിന്നീത് ഇന്റര്‍നെറ്റ് അജ്ഞാതത്വത്തെ കുറിച്ചുള്ള പഴഞ്ചൊല്ലും മീമുമായി മാറി.
എന്‍ജിനിയറിംഗാണ് പഠിച്ചതെങ്കിലും സപ്ലികളുടെ രാജകുമാരനാണ് വിഷ്ണു. പഠിക്കാന്‍ മിടുക്കനൊന്നുമല്ലെങ്കിലും ഹാക്കിംഗ് കലയില്‍ വിദഗ്ധനാണ് അവന്‍. ഏത് പാസ്‌വേര്‍ഡും പൊട്ടിച്ച് അകത്തേക്ക് കടന്ന് താനുദ്ദേശിക്കുന്നവര്‍ക്ക് ഒരു ‘പണി’ (ജോജു ചിത്രം പണിയിലെ പണിയല്ല) കൊടുക്കുന്നതില്‍ അഗ്രഗണ്യന്‍.
ഹാക്കിംഗാണ് വിഷയമെന്നതിനാല്‍ സിനിമയില്‍ പലയിടത്തും കംപ്യൂട്ടര്‍ ഭാഷയും ശൈലിയും കാഴ്ചയുമൊക്കെ വരുന്നുണ്ട്. കംപ്യൂട്ടറുമായി ബന്ധമുള്ളവര്‍ക്ക് അതൊക്കെ ലളിതമായി മനസ്സിലാകുമെങ്കിലും വലിയ ബന്ധങ്ങളൊന്നുമില്ലാത്തവര്‍ക്ക് ശില്‍പയുടെ അച്ഛന്‍ ചാക്കോ പെരിയാടനെ പോലെ കാര്യമായൊന്നും മനസ്സിലായെന്നു വരില്ല. ചിലര്‍ക്ക് വിഷ്ണുവിന്റെ അച്ഛനെ ഒട്ടും തിരിച്ചറിയാനാവില്ല. എന്നുകരുതി സിനിമയുടെ മേക്കിംഗോ രീതികളോ കാഴ്ചക്കാര്‍ക്ക് മനസ്സിലാകില്ലെന്ന അര്‍ഥമില്ല.
പേരില്‍ മാത്രമല്ല സിനിമയിലും പ്രണയം തന്നെയാണ് പ്രധാനം. ആ പ്രണയത്തിന്റെ വഴിയില്‍ വന്ന തടസ്സമാണ് വലിയൊരു ഹാക്കിംഗിലേക്ക് വിഷ്ണുവിനെ എത്തിക്കുന്നത്. എല്ലാം നഷ്ടമാകുന്നു എന്നു തോന്നുന്ന ഒരാള്‍ എന്തിനും തുനിഞ്ഞിറങ്ങുമല്ലോ. വിഷ്ണുവും അതാണ് ചെയ്യുന്നത്. പഠിച്ചതും സ്വയം പഠിച്ചെടുത്തതുമായ കഴിവുകള്‍ അയാള്‍ തന്റെ മുമ്പോട്ടുള്ള യാത്രയില്‍ ഉപയോഗിക്കുന്നെന്ന് മാത്രം.
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ, പ്രേമലു എന്നിവ പോലെ വ്യത്യസ്തമാണ് ഐ ആം കാതലന്റേയും പ്രമേയും. പക്ഷേ, തൊട്ടുമുമ്പ് പ്രേമലു വന്നതിനാല്‍ ചില കാര്യങ്ങളില്‍ സാമ്യമുള്ളതായി തോന്നിയേക്കാം- പ്രത്യേകിച്ച് കംപ്യൂട്ടര്‍ എന്‍ജിനിയറിഗ് മേഖലയില്‍.
സ്വന്തം നാടായ കൊടുങ്ങല്ലൂരില്‍ തന്നെ അഭിനയിക്കാനായത് നസ്ലിന് തന്റെ സ്വതസിദ്ധ ഭാഷാ ശൈലി മനോഹരമായി പ്രയോഗിക്കാന്‍ അനുവദിക്കുന്നുണ്ട്. മാത്രമല്ല, ‘നമ്മുടെ കുട്ടി’ എന്ന ഇമേജ് കാത്തുവെച്ചുകൊണ്ട് ചെയ്യുന്ന വില്ലത്തരങ്ങളെയെല്ലാം കാഴ്ചക്കാരനെ വെറുപ്പിക്കാതെ കൊണ്ടുപോകാനും സാധിക്കുന്നു.
പഴയൊരു കംപ്യൂട്ടര്‍വെച്ചാണ് വിഷ്ണു തന്റെ സകല ഹാക്കിംഗ് വിക്രയകളും നടത്തുന്നത്. അതൊരു ഏടാകൂടമാണെന്ന് അവന്റെ അച്ഛന് അറിയില്ലെങ്കിലും അയാളത് മനസ്സിലാക്കുമ്പോള്‍ തല്ലിപ്പൊളിച്ച് പറമ്പില്‍ കളയുന്നുമുണ്ട്.
ഹാക്കിംഗിന്റെ വ്യത്യസ്ത വഴികളും രീതികളുമൊക്കെയാണ് ഐ ആം കാതലന്‍ പറയുന്നതെങ്കിലും എന്തു ചെയ്താലും നല്ലത് ചെയ്യണമെന്ന സദുപദേശത്തോടെയാണ് ചലച്ചിത്രം അവസാനിപ്പിക്കുന്നത്. ഹാക്കര്‍ എന്നാല്‍ മോശം കാര്യങ്ങള്‍ക്ക് മാത്രമാണെന്ന് കരുന്നവര്‍ക്ക് അങ്ങനെയല്ല, എത്തിക്കല്‍ ഹാക്കര്‍ എന്ന നല്ല കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഹാക്കര്‍മാരുമുണ്ടെന്ന് സിനിമ കാണിച്ചു തരുന്നു.
നടന്‍ സജിന്‍ ചെറുകയിലാണ് ഐ ആം കാതലന്റെ കഥ എഴുതിയിരിക്കുന്നത്. നെസ്ലിന്റെ വിഷ്ണുവിനോടൊപ്പം അനിഷ്മ അനില്‍കുമാറാണ് ശില്‍പയായി എത്തുന്നത്. ശില്‍പയും എന്‍ജിനിയറാണെങ്കിലും പേപ്പറുകളൊന്നും എഴുതാന്‍ ബാക്കിയില്ല. അച്ഛന്റെ ഫിനാന്‍ഷ്യല്‍ കമ്പനിയില്‍ തന്നെ ഐടി ഹെഡായി പഠനത്തിന് പിന്നാലെ ജോലിയില്‍ കയറുകയും ചെയ്യുന്നു.
അനിഷ്മ വളരെ തന്മയത്വത്തോടെ തന്നെ ശില്‍പയെ കൈകാര്യം ചെയ്തിട്ടുണ്ട്. ദിലീഷ് പോത്തന്റെ ചാക്കോ പെരിയാടന്‍, വിനീത് വാസുദേവന്റെ മാത്യു, ലിജിമോള്‍ ജോസിന്റെ സിമി, സജിന്‍ ചെറുകയിലിന്റെ പ്രവീണ്‍ കുമാര്‍, വിനീത് വിശ്വമിന്റെ അനീഷ്, അര്‍ഷാദ് അലിയുടെ ഉദയന്‍, കിരണ്‍ ജോസിയുടെ ജില്‍സ് എന്നിവരും ഐ ആം കാതലിനില്‍ നെസ്ലിനും അനിഷ്മയ്ക്കും പിന്തുണയുമായുണ്ട്.
ശരണ്‍ വേലായുധനാണ് ക്യാമറ. ആകാശ് ജോസഫ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നു. സിദ്ധാര്‍ഥ പ്രദീപ് സംഗീതവും സുഹൈല്‍ കോയ വരികളും എഴുതിയിരിക്കുന്നു. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍, ഡോ. പോള്‍സ് എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗ്ഗീസ്, കൃഷ്ണമൂര്‍ത്തി എന്നിവരാണ് ഐ ആം കാതലന്റെ നിര്‍മാതാക്കള്‍.




