Sunday, October 26, 2025

Top 5 This Week

Related Posts

മതേതര ഇന്ത്യയെ ഇതുപോലെ നിലനിര്‍ത്തുകയെന്നത് എല്ലാവരുടേയും ഉത്തരവാദിത്വം: ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍

കോഴിക്കോട്: നമ്മുടെ രാജ്യം ഇന്ന് കാണുന്ന പോലെ മതേതര രാജ്യമായി നിലനില്ക്കുവാന്‍ വേണ്ടി പരിശ്രമിക്കുകയെന്നതാണ് ഓരോ പൗരന്മാരുടെയും വര്‍ത്തമാനകാല ഉത്തരവാദിത്വങ്ങളില്‍ പ്രധാനമെന്ന് കോഴിക്കോട് രൂപതാ ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍. ഇന്‍ഡോ- അറബ് കോണ്‍ഫെഡറേഷന്‍ കോഴിക്കോട്ട് സംഘടിപ്പിച്ച യു എ ഇ ദേശീയ ദിനാഘോഷത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

രാജ്യം മതേതരമാകുകയെന്നാല്‍ മതവും ദൈവവുമില്ലെന്ന് പ്രഖ്യാപിക്കലല്ല, മറിച്ച് എല്ലാ മതത്തിനും തുല്യ സ്ഥാനം ഉണ്ടായിരിക്കുകയെന്നതാണ്. അതാണ് ഇന്ന് നമ്മുടെ ഭാരതത്തിലുള്ളത്. അത് എന്നെന്നും നിലനില്ക്കണം. അബൂബക്കറും നബീസയുമില്ലാത്ത ഇന്ത്യയെ നമ്മുടെ ഇന്ത്യയായി കാണുവാന്‍ കഴിയില്ല. വാസുവും അബൂബക്കറും ജോസും കൂടി എല്ലാവരുമുള്ളതാണ് നമ്മുടെ ഭാരതം.

അറബ് നാടുകളില്‍ നിന്ന് ഇങ്ങോട്ടൊഴുകി വന്ന പ്രവാസികളുടെ പണമാണ് നമ്മുടെ സംസ്ഥാനത്തെ സാമ്പത്തിക സുരക്ഷിതത്വത്തിലേക്ക് എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ പശ്ചാത്യ രാജ്യങ്ങളിലെ പ്രവാസികള്‍ തങ്ങളുടെ സമ്പാദ്യം സ്വകാര്യമാക്കി വെച്ചപ്പോള്‍ അറബ് നാടുകളിലെ പ്രവാസികള്‍ ഇങ്ങോട്ടയച്ച പണമാണ് കേരളത്തെ സാമ്പത്തിക സുരക്ഷിതത്വത്തിലേക്കെത്തിച്ചതന്നും ബിഷപ്പ് പറഞ്ഞു.

നമ്മള്‍ മലയാളികളെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച അറബ് നാടുകളിലെ ഭരണകര്‍ത്താക്കളെ പ്രശംസിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ലോകാ സമസ്ത സുഖിനോ ഭവന്തുവെന്ന മഹത്തായ ആശയം പ്രയോഗത്തില്‍ ലോകരാജ്യങ്ങളില്‍ നടപ്പില്‍ വരുത്തി കാണിച്ചു തന്നത് അറബ് രാജ്യങ്ങളാണെന്ന് തുടര്‍ന്ന് സംസാരിച്ചു പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി പറഞ്ഞു.

ചടങ്ങില്‍ പി ടി എ റഹീം എം എല്‍ എ അധ്യക്ഷത വഹിച്ചു. ഇന്തോ- അറബ് ബന്ധം നൂറ്റാണ്ടുകളിലൂടെ എന്ന വിഷയത്തില്‍ ഡോ. ഹുസൈന്‍ മടവൂര്‍ പ്രഭാഷണം നടത്തി.

നേരത്തെ ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി വി അബ്ദുറഹിമാന്‍, പ്രവാസി സംഘടനകള്‍ പ്രവാസികള്‍ക്ക് ഏറെ ഗുണപരമായ കാര്യങ്ങള്‍ ചെയ്യുന്നവരാണെന്ന് പറഞ്ഞു.

പ്രവാസം എന്നത് മലയാളികള്‍ക്ക് ചിരപരിചിതമായ ഒരു പേരാണ്. മലയാളികള്‍ക്ക് പ്രത്യേകിച്ച് മലബാറുകാര്‍ക്ക് ഏറെ ബന്ധമാണ് അറബ് നാടുകളുമായുള്ളത്. മലയാളികള്‍ക്ക് ഏറ്റവും കൂടുതല്‍ ജോലി നല്കിയ നാടാണ് യു എ ഇ. വിദ്യാഭ്യാസ രംഗത്ത് ക്രിസ്ത്യന്‍ മിഷനറിമാരുടെ സേവനം ഏറ്റവുമധികം ലഭിച്ചതും മലബാര്‍ പ്രദേശത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് വിനീഷ് വിദ്യാധരന്‍, കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് എം വി കുഞ്ഞാമു, പ്രവാസി പുരസ്‌ക്കാര ജേതാക്കളായ സി ബി വി സിദ്ദീഖ്, കെ മുസ്തഫ, സാദിഖ് അഹമ്മദ് (ബംഗളൂരു), രാജേഷ്, ദിനുല്‍ ആനന്ദ്, അനില്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു.

ജനറല്‍ സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടി സ്വാഗതവും കണ്‍വീനര്‍ കോയട്ടി മാളിയേക്കല്‍ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles