Tuesday, October 28, 2025

Top 5 This Week

Related Posts

സ്വപ്നം കണ്ട് പ്രവര്‍ത്തനങ്ങള്‍ നടത്തിയതാണ് ഇന്ത്യയുടെ ബഹിരാകാശ ദൗത്യ വിജയങ്ങള്‍ക്ക് കാരണം: ഡോ. എസ് സോമനാഥ്

കൊച്ചി: പരാജയങ്ങളില്‍ നിന്നും പഠിച്ച പാഠങ്ങളാണ് ബഹിരാകാശ ഗവേഷണങ്ങളിലും ദൗത്യങ്ങളിലും ഇന്ത്യയ്ക്ക് വിജയങ്ങള്‍ സമ്മാനിച്ചതെന്ന് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ഡോ. എസ് സോമനാഥ് പറഞ്ഞു. എറണാകുളം ഭാരതീയ വിദ്യാഭവന്‍ സംഘടിപ്പിച്ച ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അമേരിക്ക ചന്ദ്രനില്‍ കാലുകുത്തുമ്പോള്‍ ഇന്ത്യ തുമ്പയില്‍ നിന്നും ചെറിയ റോക്കറ്റുകള്‍ അയച്ചു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്നാലിപ്പോള്‍ നാസയുമായി ഉള്‍പ്പെടെ തോളോടു തോള്‍ ചേര്‍ന്നു നില്‍ക്കുന്ന അവസ്ഥയിലേക്ക് ഐ എസ് ആര്‍ ഒ വളര്‍ന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സ്വപ്നം കാണുകയും അതിന് അനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്താല്‍ എന്തും നേടിയെടുക്കാന്‍ സാധിക്കുന്നത്രയും
സാംസ്‌കാരികമായും ചരിത്രപരമായും സമ്പന്നമാണ് ഇന്ത്യയെന്ന് ഡോ. എസ് സോമനാഥ് പറഞ്ഞു. രാജ്യത്തിന്റെ മികവിനും നേട്ടത്തിനുമായി എല്ലാവരും തങ്ങളുടെ കഴിവുകള്‍ ഉപയോഗപ്പെടുത്താന്‍ തയ്യാറാകണം. സാധാരണക്കാരെ അസാധാരണക്കാരാക്കാന്‍ പ്രേരിപ്പിക്കുന്ന എ പി ജെ അബ്ദുല്‍ കലാമിന്റെ മാന്ത്രികത ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

അഞ്ഞൂറിലേറെ കൃത്രിമ ഉപഗ്രഹങ്ങള്‍ ഇന്ത്യയ്ക്ക് ആവശ്യമുണ്ടെങ്കിലും നിലവില്‍ അന്‍പത് എണ്ണം മാത്രമാണ് നമുക്കുള്ളത്. എന്നാല്‍ 2014ല്‍ ബഹിരാകാശവുമായി ബന്ധപ്പെട്ട് ഒരു സ്റ്റാര്‍ട്ടപ്പ് മാത്രം ഉണ്ടായിരുന്ന സ്ഥാനത്ത് 2024ല്‍ അവയുടെ എണ്ണം 250ല്‍ അധികമായി. 1982ല്‍ റോക്കറ്റിന്റെ ഭാഗങ്ങളില്‍ 47 ശതമാനവും ഇറക്കുമതി ചെയ്തിരുന്നതായിരുന്നു. എന്നാലിപ്പോള്‍ ഇറക്കുമതി എട്ട് ശതമാനമായി കുറച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഭാരതീയ വിദ്യാഭവന്‍ കൊച്ചി കേന്ദ്ര ചെയര്‍മാന്‍ വേണുഗോപാല്‍ സി ഗോവിന്ദ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പ്രൊഫ. ഡോ. അമ്പാട്ട് വിജയകുമാര്‍, സെക്രട്ടറി കെ ശങ്കരനാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഭാരതീയ വിദ്യാഭവന്‍ ഡയറക്ടര്‍ ഇ രാമന്‍കുട്ടി സ്വാഗതവും ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മീന വിശ്വനാഥന്‍ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles