ബെര്‍ലിന്‍: യൂറോപ്യന്‍ രാജ്യങ്ങള്‍ സിറിയന്‍ അഭയാര്‍ഥികളില്‍ നിന്നും അപേക്ഷ സ്വീകരിക്കുന്നത് താത്ക്കാലികമായി നിര്‍ത്തിവെച്ചതായി പ്രഖ്യാപിച്ചു. പ്രസിഡന്റ് ബശ്ശാറുല്‍ അസദ് റഷ്യയിലേക്ക് പലായനം ചെയ്യുകയും വിമത സേന തലസ്ഥാനം പിടിച്ചെടുക്കുകയും ചെയ്തതോടെയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഇത്തരമൊരു തീരുമാനമെടുത്തത്.
യൂറോപ്യന്‍ രാജ്യങ്ങളുടെ ഭരണം കൈപ്പിടിയിലൊതുക്കാന്‍ താത്പര്യപ്പെടുന്ന തീവ്ര വലതുപക്ഷ പാര്‍ട്ടികളുടെ താത്പര്യങ്ങളോടൊപ്പം സിറിയയിലെ രാഷ്ട്രീയ സാഹചര്യങ്ങളും തീരുമാനത്തിന് വഴിയൊരുക്കി.
യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ സിറിയന്‍ അഭയാര്‍ഥികള്‍ കഴിയുന്ന രാജ്യമാണ് ജര്‍മ്മനി. ഏകദേശം ഒരു ദശലക്ഷം സിറിയക്കാരാണ് ജര്‍മനിയിലുള്ളത്.
സിറിയയിലെ രാഷ്ട്രീയ സംഭവവികാസങ്ങളില്‍ കൂടുതല്‍ വ്യക്തത വരുന്നതുവരെ അഭയ അപേക്ഷകള്‍ പരിഗണിക്കില്ലെന്ന് ബെര്‍ലിന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചതോടെ ബ്രിട്ടനും അഭയ അപേക്ഷകളിലെ തീരുമാനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചു. അഭയാര്‍ഥി കൗണ്‍സിലിന്റെ കണക്കനുസരിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ പദ്ധതി പ്രകാരം 20,319 സിറിയന്‍ അഭയാര്‍ഥികളെ 2014 മാര്‍ച്ച് മുതല്‍ 2021 ഫെബ്രുവരി വരെ രാജ്യത്ത് പുനരധിവസിപ്പിച്ചിരുന്നു.
നോര്‍വേ, ഇറ്റലി, ഓസ്ട്രിയ, നെതര്‍ലാന്‍ഡ്സ് എന്നിവയുള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളും സിറിയന്‍ അഭ്യര്‍ഥനകള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചതായി പ്രഖ്യാപിച്ചു. സമാനമായ തീരുമാനം ഫ്രാന്‍സും ഉടന്‍ പ്രഖ്യാപിക്കും.
നവംബര്‍ അവസാനത്തോടെ 72,420 അപേക്ഷകളാണ് ജര്‍മനിയില്‍ സമര്‍പ്പിക്കപ്പെട്ടത്. അതില്‍ 47270 എണ്ണത്തില്‍ തീരുമാനങ്ങളെടുത്തിട്ടില്ല. ഫെഡറല്‍ ഓഫീസ് ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് റഫ്യൂജീസ് (ബിഎഎംഎഫ്്) അപേക്ഷകള്‍ സ്വീകരിക്കുന്നത് താത്ക്കാലികമായി നിര്‍ത്തുകയാണെങ്കിലും ഇതിനകം അനുവദിച്ച അപേക്ഷകളെ അത് ബാധിക്കില്ല.
സിറിയക്കാരുടെ അഭയ അപേക്ഷകള്‍ ഇപ്പോള്‍ നിഷേധിക്കുകയോ അംഗീകരിക്കുകയോ ചെയ്യില്ലെന്ന് നോര്‍വീജിയന്‍ ഇമിഗ്രേഷന്‍ അധികൃതര്‍ അറിയിച്ചു.
അപേക്ഷകള്‍ പ്രോസസ്സ് ചെയ്യുന്നത് ഡെന്‍മാര്‍ക്കും താത്ക്കാലികമായി നിര്‍ത്തി. അപേക്ഷകള്‍ നിരസിക്കപ്പെട്ടതും തിരികെ പോകാനുള്ള സമയപരിധി നല്‍കിയതുമായ ആളുകളുടെ കാര്യത്തില്‍ നിലവിലുള്ള അനിശ്ചിതത്വത്തെ തുടര്‍ന്ന് സമയ പരിധി കൂട്ടി നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.
നിലവിലുള്ള എല്ലാ സിറിയന്‍ അഭയ അപേക്ഷകളും കുടുംബ പുനരേകീകരണങ്ങളും താത്ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഓസ്ട്രിയന്‍ ചാന്‍സലര്‍ കാള്‍ നെഹാമര്‍ ആഭ്യന്തര മന്ത്രിയോട് നിര്‍ദ്ദേശിച്ചു, അഭയം നല്‍കിയ കേസുകളും അവലോകനം ചെയ്യുമെന്ന് പറഞ്ഞു.
ഏകദേശം 9,000 സിറിയക്കാരുടെ അഭയ അപേക്ഷകള്‍ ഗ്രീസ് താത്ക്കാലികമായി നിര്‍ത്തിവച്ചതായി മുതിര്‍ന്ന സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഈ നീക്കത്തിന് അന്തിമരൂപം നല്‍കാന്‍ സര്‍ക്കാര്‍ വെള്ളിയാഴ്ച യോഗം ചേരുമെന്ന് അധികൃതര്‍ അറിയിച്ചു.
സിറിയയിലെ സുരക്ഷാ സാഹചര്യത്തെ കുറിച്ച് വ്യക്തത വരാന്‍ മാസങ്ങളെടുക്കുമെന്നും തീരുമാനത്തിനുള്ള ആറു മാസ്തതെ പരിധി കവിയാന്‍ സാധ്യതയുണ്ടെന്നുമാണ് അഭയാര്‍ഥികള്‍ക്ക് നിയമപരവും പ്രായോഗികവുമായ സഹായം നല്‍കുന്ന ജര്‍മ്മന്‍ ഗ്രൂപ്പായ പ്രൊഅസൈല്‍ പറയുന്നത്.




