
മാഡ്രിഡ്: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സ്‌പെയിനിന്റെ തീരപ്രദേശങ്ങള്‍ ഉള്‍നാടന്‍ കടല്‍ പോലെ കാണുന്നതായി ആകാശ ദൃശ്യങ്ങള്‍.
ആകാശ ദൃശ്യങ്ങളില്‍ വെള്ളപ്പൊക്ക ബാധിത പ്രദേശം ബലേറിക് കടല്‍ വിപുലമായതു പോലെയാണ് കാണപ്പെടുന്നത്. ഒക്ടോബര്‍ 30ന് പകര്‍ത്തിയ ഒരു ഉപഗ്രഹ ചിത്രം സ്‌പെയിനിന്റെ കിഴക്കന്‍- മധ്യ മേഖല പൂര്‍ണ്ണമായും വെള്ളത്തിനടിയിലായതായി കാണിക്കുന്നു.
നേരത്തെ വരണ്ടതും തവിട്ടു നിറത്തിലുമുള്ള പ്രദേശങ്ങള്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്നാണ് നീല നിറത്തിലായത്. തീരപ്രദേശങ്ങള്‍ പലതും ചെറിയ ദ്വീപുകള്‍ പോലെയായിട്ടുണ്ട്.
മഴയിലും വെള്ളപ്പൊക്കത്തിലും ഇതുവരെ 205 പേരെങ്കിലും മരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുന്നതിനാല്‍ മരണ സംഖ്യ വര്‍ധിക്കാന്‍ സാധ്യതയുണ്ട്.
ഒരു വര്‍ഷം പെയ്യേണ്ട മഴയാണ് ഒക്ടോബര്‍ 29ന് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സ്പെയിനിന്റെ കിഴക്കന്‍- മധ്യ മേഖലയില്‍ പെയ്തത്. അതോടെ സ്ഥിതി നിയന്ത്രണാതീതമാവുകയും തെരുവുകളില്‍ വെള്ളപ്പൊക്കമുണ്ടായതിനോടൊപ്പം നദികള്‍ കവിഞ്ഞൊഴുകുകയും ചെയ്തു.




